മിനി

  ആത്മസംഘർഷങ്ങളെ ഉള്ളിലൊതുക്കി, തേങ്ങലുകൾക്കിടയിൽ മുറിഞ്ഞുപോകുന്ന വാക്കുകളോടെ സംസാരിച്ച മിനി എന്നെ വിളിച്ചത് ഒരു വൈകുന്നേരമാണ്. ഒരു വർഷംമുമ്പു പങ്കെടുത്ത GSLP ക്ലാസ്സിൽ നന്നായി കവിത ചൊല്ലിയ മിനിയെ ഓർത്തെടുക്കാൻ എനിക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. നല്ല ചുറുചുറുക്കും സാമർത്ഥ്യവും വാചാലതയുമുള്ള ചെറുപ്പക്കാരിയായ വീട്ടമ്മ. ആരെയും ആകർഷിക്കുന്ന പെരുമാറ്റം. കുടുംബശ്രീയുടെ പ്രാദേശിക നേതൃസ്ഥാനത്തും അവരുണ്ടായിരുന്നു. അന്ന് പലരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചപ്പോൾ താനതിനു മുതിരാതിരുന്നത് തന്റെ സ്വന്തം വീടിനടുത്തുള്ളവർ ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് എന്നൊരു ക്ഷമാപണത്തോടെയാണ് സംസാരം തുടങ്ങിയതുതന്നെ. ഇപ്പോൾ എന്തുപറ്റിയെന്ന എന്റെ ചോദ്യത്തിന്, തിരസ്കരണത്തിന്റെയും പരിഹാസത്തിന്റെയും ഇടയിൽ ജീവിതത്തിലെ തിരിച്ചടികളെ നേരിട്ട കഥ അവർ പറഞ്ഞു.

തരക്കേടില്ലാത്ത കുടുംബപശ്ചാത്തലത്തിൽ ജനിച്ചുവളർന്ന മിനിക്ക് ലക്ഷംവീട്‌ കോളനിയിലെ സുരേഷിനോട് തോന്നിയ ഇഷ്ടം ജീവിതമാകെ മാറ്റിമറിക്കാൻ ഇടയാക്കി. പ്രീ-ഡിഗ്രിക്കു പഠിക്കുമ്പോൾ സുരേഷിന് എഴുതിയ കത്ത് അവളുടെ അച്ഛന്റെ കൈകളിൽ എത്തപ്പെട്ടപ്പോൾ അവളെ പറഞ്ഞുതിരുത്താൻപോലും ശ്രമിക്കാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയാണുണ്ടായത്. നിസ്സഹായായ ആ കൗമാരക്കാരി അങ്ങനെ സുരേഷിനൊപ്പം പോകാൻ നിർബന്ധിതയായി.  സ്വന്തമായ വരുമാനമില്ലാത്ത അയാളോടൊപ്പമുള്ള ജീവിതം അവളുടെ കുടുംബസങ്കല്പങ്ങളെ തകിടം മറിച്ചു. ഭർത്താവിന്റെ വീട്ടിൽനിന്നും കുറ്റപ്പെടുത്തലുകളും അവഗണനയും മാത്രമായിരുന്നു അവൾക്ക് ലഭിച്ചത്.  മിനി ഗർഭിണിയാണെന്നറിഞ്ഞ ദിവസംതന്നെ ‘എന്റെ ചിലവിൽ ഇനിയിവിടെ ജീവിക്കാൻ പറ്റില്ല’ എന്ന സുരേഷിന്റെ അച്ഛന്റെ ആജ്ഞക്കുമുമ്പിൽ പകച്ചുപോയെങ്കിലും ആത്മാഭിമാനം പണയംവെക്കാൻ അവൾക്കായില്ല. ആ രാത്രി അടുത്തുള്ള അംഗൻവാടിയുടെ നീളൻ വരാന്തയിൽ,   കൂരിരുട്ടിലേക്ക് നോക്കിയിരിക്കുമ്പോൾ മുന്നോട്ടുള്ള ഒരു വഴിയും കാണാതെ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോയി. പക്ഷെ അല്പായുസ്സ് മാത്രമുണ്ടായിരുന്ന ആ ചിന്തയെ കീഴ്പ്പെടുത്തിക്കൊണ്ട് ‘ഇല്ല, തോറ്റോടാനുള്ളതല്ല ഈ ജീവിതം’. എന്ന വാശിയുടെ ഉദയത്തോടെയാണ് പ്രഭാതത്തിലേക്ക് അവർ കണ്ണുതുറന്നത്. രാവിലെതന്നെ അടുത്തുള്ള പള്ളിയിലെത്തി അച്ചനോട് അവരുടെ സങ്കടങ്ങൾ തുറന്നുപറഞ്ഞു. അവരുടെ നിസ്സഹായാവസ്ഥയിൽ മനസ്സലിഞ്ഞ അദ്ദേഹം അവിടത്തെ അന്തേവാസികൾ തയ്ച്ചുണ്ടാക്കുന്ന വസ്ത്രങ്ങൾ വീടുകൾതോറും നടന്നു വില്ക്കാനായി അവർക്കു നല്കി. രണ്ടുപേരും രണ്ടുവഴിക്കായി നടന്ന് ഒരു ദിവസംകൊണ്ടുതന്നെ അതെല്ലാം വിറ്റുതീർത്തു. തുടർന്നുള്ള ദിവസങ്ങളിലും ഇത് തുടർന്നു. ക്രമേണ അതിന്റെ ലാഭംകൊണ്ട് ഒരു തുണിക്കട തുടങ്ങാൻ അവർക്കായി. അങ്ങനെ അവരുടെ സാമ്പത്തികനില മെച്ചപ്പെട്ടു. സ്വന്തമായി ഒരു വീടും ഉണ്ടാക്കി. ഇതിനിടയിൽ മിനി രണ്ടു കുട്ടികൾക്ക് ജന്മം കൊടുത്തു. ആത്മവിശ്വാസവും അദ്ധ്വാനവുംകൊണ്ട് എന്തും നേടാമെന്നുള്ളതിന് മാതൃകയായിരുന്നു മിനിയുടെ ജീവിതം.

ആവശ്യത്തിന് പണം കൈകളിലെത്തിയപ്പോൾ സുരേഷിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. ധാരാളം കൂട്ടുകാരുണ്ടായി. അവരുമൊത്ത് മദ്യപാനം പതിവായി. ഒപ്പം അയാളുടെ വികലമായ ലൈംഗികസംസ്കാരവും മിനിയെ വീണ്ടും ദുഃഖത്തിലേക്ക് തള്ളിയിട്ടു. മദ്യപിച്ചു ലക്കുകെട്ട് കയറിവരുന്ന അയാൾ സ്ഥലകാലബോധമില്ലാതെ കാട്ടിക്കൂട്ടുന്ന രതിവൈകൃതങ്ങൾ അവളെ മാനസികമായി തളർത്തുന്നവയായിരുന്നു. ‘സ്വബോധത്തോടെ ഒരു ദിവസംപോലും വീട്ടിലെത്താറില്ല, വരുന്നത് നാലുകാലിലാണ്. വഴക്കും അടിയും പതിവാണ്. അതെല്ലാം സഹിക്കാം; പക്ഷെ കുഞ്ഞുങ്ങൾ വളർന്നുവരുന്നു എന്ന ചിന്തപോലുമില്ലാതെ കാട്ടിക്കൂട്ടുന്ന കാമാക്രാന്തങ്ങൾ സഹിക്കാവുന്നതിലും അപ്പുറമാണ്.’ എന്നവൾ കരഞ്ഞുപറഞ്ഞു.

അങ്ങനെയാണ് ഞാൻ സുരേഷിനെ വിളിക്കുന്നത്. സുഹൃദ്സംഭാഷണങ്ങൾക്കിടയിൽ സുരേഷിന്റെ മദ്യപാനശീലവും പരാമർശിക്കാൻ അവസരമുണ്ടാക്കി. അത്  അവരുടെ കുടുംബ, സാമൂഹ്യജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നൊരു തിരിച്ചറിവ് അയാൾക്കുണ്ടാക്കാൻ ആ സംസാരം വഴിവെച്ചു എന്ന് മനസ്സിലാക്കിയപ്പോൾ, “മദ്യപാനവും ഒരു രോഗമാണെന്നും ചികിത്സകൊണ്ട് സുഖപ്പെടുത്താവുന്നതാണ് അതും എന്നും, മറ്റു രോഗങ്ങൾക്ക് നമ്മൾ ചികിത്സിക്കുന്നില്ലേ അതുപോലെ ഇതും കരുതിയാൽ മതിയെന്നും” സുരേഷിനെ പറഞ്ഞുമനസ്സിലാക്കി. സ്നേഹിതയിലേക്ക് കൗൺസിലിംഗിനായി പോയി സുരേഷിനെ മാറ്റിയെടുക്കാൻ സാധിച്ചു. ഒപ്പം വിമുക്തിയിലും അവർ  അഭയംതേടി.

ലോക്‌ഡൗൺ സമയത്തു മിനി വീണ്ടും വിളിച്ചെന്നെ ഞെട്ടിച്ചു.  ‘കുടുംബജീവിതത്തിലെ പരസ്പരബന്ധത്തിന്റെ മനോഹാരിത ഇപ്പോഴാണ് മനസ്സിലായത് എന്നും, ഇപ്പോഴുള്ള സാഹചര്യങ്ങളെയും സമ്മർദ്ദങ്ങളേയും ലാഘവത്തോടെ കാണാനും ഒരുമിച്ചുനിന്ന് അതിനെ അതിജീവിക്കാനും കഴിയുന്നുണ്ട്’ എന്ന സന്തോഷവാർത്ത അറിയിക്കാനാണ് അവളെന്നെ വിളിച്ചത്. ജീവിതാനുഭവങ്ങൾ  മിനിക്കുണ്ടാക്കിക്കൊടുത്ത പക്വത കണ്ടു ഞാൻ സന്തോഷിച്ചു.

നമ്മുടെ ജീവിതത്തിന്റെ തേരും തേരാളിയും നമ്മൾ മാത്രമാണെന്നും, ജീവിതയാത്രയ്ക്കിടയിൽ എവിടെയെങ്കിലും വഴി തെറ്റിയെന്നുതോന്നിയാൽ പതറിപ്പോകാതെ ശരിയായ വഴി കണ്ടെത്തി മുന്നേറുകയാണ് വേണ്ടതെന്നും മിനിയുടെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു. പുറംലോകമറിയാതെ കരഞ്ഞുതളരുന്നവർക്ക്, നിരാശയുടെ അസഹനീയമായ നോവു തിന്നുന്നവർക്ക് ആശ്വാസമാകാനുള്ള പ്രയാണത്തിനിടയിൽ, പ്രതിസന്ധികളെ  ധീരതയോടെ നേരിട്ട മിനിയെപ്പോലുള്ളവരുടെ ജീവിതസമരചരിത്രം അധികോത്സാഹം തരുന്നതാണ്.

വിദ്യാ സുധീർ

Leave a Comment

Your email address will not be published. Required fields are marked *