മൊതലാളീടെ കുഞ്ഞമ്മ

സാധാരണ സൈറ്റിൽ ഞാൻ ചെല്ലുമ്പോൾ മണി എന്നെക്കണ്ടാൽ ഒന്ന് കിലുങ്ങിച്ചിരിക്കും. അന്ന് അതുണ്ടായില്ല. തലയൊന്ന് ഉയർത്തി മ്ലാനമായ മുഖത്തോടെ എന്നെയൊന്ന് നോക്കീട്ട് വീണ്ടും ജോലിയിൽ മുഴുകി. എന്തോ പന്തികേട് തോന്നിയ ഞാൻ അകലെ മാറി നിന്ന് പണിയെടുക്കുന്ന മര്യാദ രാമന്മാരോട് കാര്യമന്വേഷിച്ചു. എന്റെ ചോദ്യം പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ കൂട്ടച്ചിരിയുയർന്നു. ഇതെല്ലാം കണ്ടുനിന്ന മണി ഓടി എന്റടുത്തു വന്ന്….

സണ്ണിയണ്ണാ…. കൊറേ നേരായി ഈ ഡ്യൂക്ലികള് എന്റെ ക്ഷമയെ പരീക്ഷിക്കുവാ…

എന്താ മണീ…. നീ കാര്യം പറയ്….

നമ്മളെല്ലാരും കൂടി പത്ത് മണിക്ക് അപ്രത്തെ കടയിൽ ചായ കുടിക്കാൻ ചെന്നപ്പൊ ഞാനെന്റെ ഫോൺ മേശമേല് വച്ചിട്ട് പത്രം നോക്കെ അത് ബെല്ലടിച്ചു. നാസർ അതെടുത്തിട്ട് എല്ലാരും കേക്കെ വിളിച്ചലറുവാ…

ടാ… മണീ… നിന്റ രണ്ടാമത്ത തന്ത വിളിക്കിണെന്ന്….

അത് കേട്ട് ആ കടേലിരുന്ന നാട്ടാര് എല്ലാരും കൂട്ടച്ചിരിയായിരുന്നു.

അല്ല മണീ… എന്തിനാ നാസർ അങ്ങനെ വിളിച്ചു പറഞ്ഞത്….

സണ്ണിയണ്ണാ… അച്ഛന്റെ രണ്ടാമത്തെ സിമ്മീന്നാ വിളിച്ചത്. അത് അച്ഛൻ ടൂ എന്നാ ഞാൻ ഫോണിൽ അടിച്ചിട്ടിരിക്കിണത്. അങ്ങനെ ഞങ്ങള് ഒന്നും രണ്ടും പറഞ്ഞ് ചീത്ത വിളിയായി.

എന്നിട്ട്….

എന്താവാൻ…. അവസാനം ആ കടേല തള്ള പറയുവാ ഇന്നത്തെക്കാലത്ത് രണ്ട് തന്ത ഒള്ളത് വലിയ അപരാധോന്നുമല്ല അതോണ്ട് കൊച്ച് വെഷമിക്കേണ്ടാന്ന്. ഞാൻ ദേഷ്യത്തിന് തള്ളയ്ക്കും കൊടുത്തു രണ്ട് ചീത്ത.

മണീ നീയാണെടാ…. ആണ്….

ഓ… ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലണ്ണാ..

നാളമൊതല് ഞാൻ കാണത്തില്ല…

കാരണം…

ആ തള്ള നമ്മള മൊതലാളീട കുഞ്ഞമ്മയാ. മൊതലാളി ഇച്ചിരിനേരെത്തെ ഇവിട വന്നിട്ട് നമ്മളോട് പറയുവാ… ഒറ്റത്തന്തയ്ക്കുണ്ടായോര് മാത്രം നാളെ പണിക്ക് വന്നാ മതിയെന്ന്.

സണ്ണി വെള്ളല്ലൂർ

Leave a Comment

Your email address will not be published. Required fields are marked *